Friday, March 25, 2011

ഭ്രാന്തന്‍

ഓര്‍മ്മകള്‍ക്ക്‌ മരണമില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ ദ്രവിച്ചു തുടങ്ങിയ ശരീരമുപേക്ഷിച്ച്‌
ആത്മാവിന്റെ മൃദുലതയില്‍ പാറിനടന്നേനെ!
സ്‌ നേഹത്തിനു നിര്‍വചനങ്ങളില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ കടം വാങ്ങിയ മുഖമൂടിയുമണിഞ്ഞ്‌
എന്റെ നിദ്രക്ക്‌ ഭംഗം വരുത്തിയേനെ!
എനിക്കു നീയില്ലാതെ നിലനില്‍പ്പില്ല...
ഉണ്ടായിരുന്നെങ്കില്‍ എന്റെ മനസ്സ്‌ ജീവശ്വാസവും തേടി
നിന്റെ ഹൃദയതന്ത്രികള്‍ തേടാതിരുന്നേനെ!
ഇവിടെയെങ്ങും നന്മയില്ല...
ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ശുഭ്രമായ മെഴുകുതിരിവെളിച്ചം
ക്രൂരതകളെ കെടുത്തിക്കളഞ്ഞേനെ!
എന്റെ അറിവുകള്‍ക്ക്‌ പൂര്‍ണ്ണതയില്ല...
ഉണ്ടായിരുന്നെങ്കില്‍ കാറ്റിന്റെ താളത്തിലും തിരകളുടെ ശ്രുതിയിലും
ഞാന്‍ സത്യത്തിന്റെ വിളക്കു തെളിച്ചേനെ!
എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഓര്‍മ്മകളുടെ ശ്മശാനവും സ്‌ നേഹത്തിന്റെ അര്‍ത്ഥവും
അഹമെന്ന ഭാവവും തിന്മകളുടെ കരിവാളിപ്പും അസത്യതിന്റെ പ്രായോഗികതയുമെല്ലാം
എന്നേ കണ്ടുപിടിച്ചേനെ!
അതെ,എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളുമായി നിങ്ങളെ ബുദ്ധിമുട്ടിക്കാതെ..
ചോദ്യശരങ്ങള്‍ നിങ്ങള്‍ക്കു നേര്‍ക്കെറിയാതെ...
മനസ്സിന്റെ ചങ്ങല സ്‌ നേഹത്തിന്റെ തൂണുമായി ബന്ധിപ്പിച്ചു കൊണ്ട്‌...
ലോകസത്യങ്ങള്‍ അപ്രിയമെങ്കിലും അവ വിളിച്ചോതിക്കൊണ്ട്‌..
അങ്ങനെ...അങ്ങനെ!!!

1 comment:

LadyBond..RuskinBond said...

വാക്കുകള്‍ക്കും സമയത്തിനും നന്ദിയുണ്ട് സുഹൃത്തേ .. താങ്കളും ബ്ലോഗര്‍ ആണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ..
വായിക്കാന്‍ അവസരം തന്നതിന് നന്ദിയുണ്ട് .. :-)