Friday, March 25, 2011

ഭ്രാന്തന്‍

ഓര്‍മ്മകള്‍ക്ക്‌ മരണമില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ ദ്രവിച്ചു തുടങ്ങിയ ശരീരമുപേക്ഷിച്ച്‌
ആത്മാവിന്റെ മൃദുലതയില്‍ പാറിനടന്നേനെ!
സ്‌ നേഹത്തിനു നിര്‍വചനങ്ങളില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ കടം വാങ്ങിയ മുഖമൂടിയുമണിഞ്ഞ്‌
എന്റെ നിദ്രക്ക്‌ ഭംഗം വരുത്തിയേനെ!
എനിക്കു നീയില്ലാതെ നിലനില്‍പ്പില്ല...
ഉണ്ടായിരുന്നെങ്കില്‍ എന്റെ മനസ്സ്‌ ജീവശ്വാസവും തേടി
നിന്റെ ഹൃദയതന്ത്രികള്‍ തേടാതിരുന്നേനെ!
ഇവിടെയെങ്ങും നന്മയില്ല...
ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ശുഭ്രമായ മെഴുകുതിരിവെളിച്ചം
ക്രൂരതകളെ കെടുത്തിക്കളഞ്ഞേനെ!
എന്റെ അറിവുകള്‍ക്ക്‌ പൂര്‍ണ്ണതയില്ല...
ഉണ്ടായിരുന്നെങ്കില്‍ കാറ്റിന്റെ താളത്തിലും തിരകളുടെ ശ്രുതിയിലും
ഞാന്‍ സത്യത്തിന്റെ വിളക്കു തെളിച്ചേനെ!
എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഓര്‍മ്മകളുടെ ശ്മശാനവും സ്‌ നേഹത്തിന്റെ അര്‍ത്ഥവും
അഹമെന്ന ഭാവവും തിന്മകളുടെ കരിവാളിപ്പും അസത്യതിന്റെ പ്രായോഗികതയുമെല്ലാം
എന്നേ കണ്ടുപിടിച്ചേനെ!
അതെ,എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളുമായി നിങ്ങളെ ബുദ്ധിമുട്ടിക്കാതെ..
ചോദ്യശരങ്ങള്‍ നിങ്ങള്‍ക്കു നേര്‍ക്കെറിയാതെ...
മനസ്സിന്റെ ചങ്ങല സ്‌ നേഹത്തിന്റെ തൂണുമായി ബന്ധിപ്പിച്ചു കൊണ്ട്‌...
ലോകസത്യങ്ങള്‍ അപ്രിയമെങ്കിലും അവ വിളിച്ചോതിക്കൊണ്ട്‌..
അങ്ങനെ...അങ്ങനെ!!!

കര്‍ണ്ണന്‍..

ചിന്തയുടെ കരിപുരണ്ട നിഴല്‍രേഖകളിലെങ്ങോ....
ഞാന്‍ അസ്തിത്വത്തിന്റെ ഉരുവം തേടിയലഞ്ഞിരുന്നു...
അതു കണ്ടിട്ടാവണം...
മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ പിന്നെയും ജന്മം കൊണ്ട
വിഷാദക്കുഞ്ഞുങ്ങള്‍ എന്നെ പരിഹസിച്ചതും ഒറ്റപ്പെടുത്തിയതും...
സ്വര്‍ണ്ണം കൊണ്ടു കണ്ണെഴുതി പറന്നു വന്ന ആഗ്രഹമെന്ന മൈനയാണു പറഞ്ഞത്‌...
മനസ്സില്‍ ബീജാവാപം ചെയ്ത ചിന്തയുടെ പ്രകാശത്തെക്കുറിച്ച്‌...
എന്റെ സൂര്യചൈതന്യത്തെക്കുറിച്ച്‌....
പക്ഷേ ഞാന്‍ അറിയുകയായിരുന്നു..
സ്നേഹമെനിക്ക്‌ അന്യമാകുന്നുവെന്നത്‌....
വെറുപ്പിന്റെ വെള്ളിനാണയങ്ങള്‍ എനിക്ക്‌ സമ്മാനിക്കപ്പെട്ടത്‌...
ഇരുട്ടിന്റെ കുരുക്ഷേത്രത്തില്‍ നീ വിജയിച്ചിടുന്നതും....
പക്ഷേ ഞാന്‍ അറിഞ്ഞിരുന്നില്ല...
ഏകാന്തതയുടെ സൂചിമുനകള്‍ എന്നില്‍ തറഞ്ഞു കയറിയിരുന്നത്‌....
എനിക്കു സ്വന്തമെന്നവകാശപ്പെടാവുന്ന,എന്റെ കവചകുണ്ഡലങ്ങള്‍..
ദുഖവും,അവഗണനയും,കണ്ണീരുണങ്ങിയ വറ്റിപ്പും....
അതും നീ ഇരന്നു വാങ്ങിയല്ലോ..
ഞാന്‍ സൂതപുത്രന്‍...
ബന്ധനങ്ങളില്ലാത്ത കടപ്പാടുകളുടെ തേരോട്ടുന്ന സൂതന്റെ ദത്തു പുത്രന്‍...
തെരുവോരങ്ങളില്‍..ചിന്തകളുടെ നോട്ടം ചെന്നെത്താത്ത
വിജന പല്‍സലങ്ങളില്‍ ഞാനലയുകയായിരുന്നു,
ബന്ധങ്ങളുടെ പുനര്‍ജ്ജനി തേടി...
സാന്ത്വനമെന്ന അംഗരാജ്യമെനിക്ക്‌ സ്വപ്നങ്ങളെന്ന പ്രജകളെ നല്‍കി..
അവിടെയും പരിഹാസത്തിന്റെ ദംഷ്ട്രകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു...
വിഷാദരൂപികള്‍ ചിന്തയാകുന്ന പൈതൃകത്തെ പിളര്‍ന്ന്‌..
സഹനത്തിന്റെ പൂപ്പാടങ്ങളില്‍ വിഷം തുപ്പിയിരുന്നു...
ഒടുവില്‍,ജീവനത്തിന്റെ തേര്‌ ഓര്‍മകളുടെ സ്വാര്‍ത്ഥതയിലുടക്കുമ്പോള്‍..
പിറവിയുടെ ശാപത്തില്‍ നിന്ന്‌ മരണത്തിന്റെ മോക്ഷവുമായി....
കാരുണ്യത്തിന്റെ അസ്ത്രവും കാത്ത്‌...
ഞാന്‍ സൂര്യപുത്രന്‍!!!!!!

എന്റെ മഴക്കൂട്ടുകാരിക്ക്‌....

സ്‌നേഹാ...
അതെ..അതു തന്നെയാണവളുടെ പേര്‌..എന്റെ ഓര്‍മകളില്‍ അതു വ്യക്തമായി കോറിയിട്ടിട്ടുണ്ട്‌..അവളെ നിങ്ങള്‍ക്കറിയില്ലല്ലോ..
എങ്ങനെ അറിയാന്‍ എന്നായിരിക്കും..ശരിയാണ്‌..മഴമേഘങ്ങളെ മാത്രം സ്‌നേഹിച്ച്‌..മഴനൂലുകള്‍ കൊണ്ടു സ്വപ്നങ്ങള്‍ നെയ്ത്‌..മഴയിലലിഞ്ഞ്‌ അങ്ങനെ അങ്ങനെ..
എന്റെ ഓര്‍മകളില്‍ പുതു മണ്ണിന്റെ ഗന്ധമുയരുകയാണ്‌..
അവള്‍ക്കു സ്‌നേഹത്തിന്റെ നിറമാണ്‌..അല്ല സ്‌നേഹത്തിനു നിറമുണ്ടോ?
കുട്ടിക്കാലത്തു സ്‌നേഹത്തിനു മയില്‍പീലിയുടെ നിറമായിരുന്നു..ആകാശം കാണാതെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒതുങ്ങിക്കൂടുന്ന മയില്‍പ്പീലി..സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍
ഒന്നൊന്നായി പൊഴിച്ചു ഒടുവില്‍ സ്വയം ഇല്ലാതാകുന്ന മയില്‍പീലി..
വര്‍ണ്ണങ്ങള്‍ സ്വപ്നം കണ്ടു നടന്ന ബാല്യ കാലത്തിനൊടുവില്‍ സ്‌നേഹം ഇളം റോസ്‌ നിറത്തിലാണെന്നു ഞാന്‍ കണ്ടെത്തി..അങ്ങനെ റോസാപുഷ്പങ്ങളെ ഞാന്‍ സ്‌നേഹമെന്നു വിളിച്ചു..
കൗമാരത്തിലേക്കു കടക്കുമ്പോള്‍ എനിക്കു സ്‌നേഹമെന്നതു കടും ചുവപ്പായി മാറി..
രക്തതുള്ളികള്‍ അക്ഷരങ്ങള്‍ക്കു ജീവന്‍ പകരുന്ന പ്രേമലേഖനങ്ങളിലെ കാമുകരെ ഞാനുമായി പലവട്ടം മാറ്റിവെച്ചു നോക്കി..
യൗവനത്തില്‍ യുക്തിവാദത്തിന്റെ പ്രയോക്താവായി വിരാജിക്കുമ്പോള്‍ സ്‌നേഹമെന്നതെനിക്കു കറുത്ത നിറമായിരുന്നു..ഇരുണ്ട മുറികളേയും ഇടുങ്ങിയ കോണുകളേയും ഞാന്‍ സ്‌നേഹിച്ചു
തുടങ്ങി..അവ പകര്‍ന്നു നല്‍കിയ ലഹരിയില്‍ ഞാന്‍ പുളകം കൊണ്ടു..
എന്നിലെ കവിഭാവനയുടെ ചുവരെഴുത്തുകളില്‍ സ്‌നേഹത്തെ വര്‍ണിച്ചിരുന്നത്‌ വെളുത്ത നിറത്താലായിരുന്നു..ശാന്തിയുടെ,സമാധാനത്തിന്റെ, സ്‌നേഹതിന്റെ നിറം...
അനാമിക പറയുന്നതു നേരു തന്നെ..എന്റെ കഥകളിലെ നായിക എന്നും ഇങ്ങനെയാണ്‌..അവളുടെ ഭാഷയില്‍ മഴയോടോ വെയിലിനോടോ ഒത്തിരി ക്രെയ്‌സ്‌ ഉള്ള ഒരു എക്സെന്റ്രിക്‌ ക്യാരക്റ്റര്‍..
അവള്‍ക്കു മഴയെ എന്നും വെറുപ്പായിരുന്നു..അതു കൊണ്ടാണല്ലൊ അവള്‍ പറയുന്നത്‌...നശിച്ച മഴ..നനഞ്ഞ മഴ എന്നെല്ലാം..പിന്നെയും എന്തൊക്കെയൊ..
പക്ഷെ അവള്‍ക്കറിയില്ല എന്റെ സ്‌നേഹയെ..എനിക്കവളൊടുള്ള അചഞ്ചലമായ സ്‌നേഹത്തെ..അവളെനിക്കേകിയ സ്‌നേഹത്തിന്റെ നിര്‍വചനത്തെ..
പിന്നെ അവളെനിക്കു പറഞ്ഞു തന്നിട്ടുള്ള മഴയുടെ സംഗീതത്തെ..ഞങ്ങളുടെ രഹസ്യ നിമിഷങ്ങളെ......
ഇന്നും മഴ വരുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നില്‍ക്കാറുണ്ട്‌...മഴയോടൊപ്പം അലിഞ്ഞു വരുന്ന എന്റെ സ്‌നേഹയെ തേടി..
ഒരു പക്ഷേ ഇനിയൊരിക്കലും അവള്‍ വരില്ല എന്ന തിരിച്ചറിവുണ്ടായിട്ടു കൂടി..

എന്റെ മനസ്സില്‍ ആര്‍ത്താര്‍ത്തു പെയ്യുന്ന ഈ മഴയെ...എന്റെ സ്‌നേഹാ..ഞാന്‍ നിനക്കായി സമര്‍പ്പിക്കുന്നു...

Tuesday, October 12, 2010

രാപ്പനി അഥവാ മുതുകഴാസ് ..

എന്റെ കാല്പാടുകള്‍ക്ക് പറയാന്‍ ഒരു പാടുണ്ട്..നടന്ന വഴികളിലെല്ലാം ഒരു ഓര്‍മ്മച്ചെപ്പ് സൂക്ഷിച്ചു കൊണ്ട് കാല്പാടുകള്‍ എനിക്ക് പിന്നാലെയുണ്ട്..അധികം പഴക്കമില്ലാത്ത ഒരു സംഭവം എന്റെ കാല്പാടുകള്‍ക്കും കഴാസുകള്‍ക്കും മീതെ ഒരു കൂട്ടം കാലന്മാരുടെ കരാളഹസ്തം കല്‍പ്പിച്ചു തന്നത് ഓര്‍മയില്‍ തെളിയുന്നു...
ഞാന്‍ പറയാന്‍ പോകുന്നത്‌ അത്ര വല്ല്യ സംഭവം ഒന്നുമല്ല..എങ്കിലും പറയാം...ഞാനും എന്റെ സഹമുറിയന്മാരും സസുഖം ബംഗ്ലൂരില്‍ വാണിരുന്ന കാലം...അതിനിടക്കാണ്‌ ഒരു കര്‍ണാടക ബന്ദ്‌ വരുന്നത്‌...ഓഫീസില്‍ പോകാതെ വീട്ടിലിരിക്കാന്‍ കിട്ടിയ ആ അവസരം ഞങ്ങള്‍ ആഢംബരപൂര്‍വം തന്നെ ചിലവഴിച്ചു...രാത്രി വരെ കളിച്ചും കിടന്നുറങ്ങിയും പിന്നെ അല്ലറ ചില്ലറ കലാപരിപാടികളോടും കൂടി ഒഴിവു ദിവസം കൊണ്ടാടി...പക്ഷേ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഒരു ദിവസം കടന്നുപോയല്ലോ എന്ന അപൂര്‍വമായ വസ്തുത ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും തത്‌ഫലമായി രാത്രി സുരപാനികളായ മൂന്നുപേര്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു...അപ്പോഴാണ്‌ ഞങ്ങളുടെ മുകളിലത്തെ നിലയില്‍ താമസമാക്കിയിരിക്കുന്ന 'ചിങ്കി'ചേച്ചി സ്ലീവ്‌ലെസ്സ്‌ റ്റീഷര്‍ട്ടും ബര്‍മുഡാസുമണിഞ്ഞു സ്റ്റെപ്‌ ഇറങ്ങിവരുന്നത്‌ കൂട്ടത്തിലെ വായ്‌നോക്കിയായ എന്റെ ശ്രദ്ധയില്‍ പെടുന്നത്‌..നിസ്വാര്‍ഥതക്കു പേരു കേട്ട ഞാന്‍ കിട്ടിയ ഭാഗ്യം എന്റെ മുറിയന്മാരുമായി പങ്കുവെക്കുകയും ചെയ്തു...പുരുഷസഹജമായ ആക്രാന്തമെന്നോ മറ്റു പണികളൊന്നും ഇല്ലാത്തതു മൂലമെന്നോ പറയാം..കണ്ണിമ ചിമ്മാതെ ഞങ്ങള്‍ അവളെ തന്നെ നോക്കിനിന്നു...ചിങ്കി നേരെ പോയതു അവളുടെ scooty യുടെ അടുത്തേക്കാണ്‌...ഞെക്കിയും ചവിട്ടിയും പ്രകോപിപ്പിച്ചിട്ടും ആ സാധനം ഉറക്കം തൂങ്ങി നില്‍പ്പാണ്‌..വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല....ഈ സമയം കൊണ്ട്‌ ഉറങ്ങാന്‍ കിടന്ന എന്റെ ഒരു സുഹൃത്തും ആ മഹനീയ മുഹൂര്‍ത്തതിന്‌ സാക്ഷ്യം വഹിക്കാന്‍ വേണ്ടി ഉയിര്‍ത്തെഴുന്നേറ്റു...വീണ്ടും എനിക്കാണ്‌ പരജീവികളെ സഹായിക്കണം എന്ന തത്വം ഓര്‍മവന്നത്‌...അല്ലെങ്കിലും മനുഷ്യത്വം എന്ന സംഭവം എല്ലാവര്‍ക്കും ഉണ്ടാവില്ലല്ലോ..ഞാനൊരു സംഭവം തന്നെ...എന്തായാലും ചിങ്കിയെ സഹായിക്കന്‍ തന്നെ ഞങ്ങള്‍ 5 എന്‍ജിനീയര്‍മാര്‍ തീരുമാനിച്ചു...ഒന്നു തീരുമാനിച്ചാല്‍ പിന്നെ മാറ്റുന്ന സ്വഭാവം ഞങ്ങള്‍ക്ക്‌ പണ്ടേ ഇല്ല..എനിക്കാണെങ്കില്‍ അതിനും പണ്ടേ ഇല്ല...കാരണം മുന്‍പേ പറഞ്ഞല്ലൊ,ഞാനൊരു സംഭവമാണെന്ന്..(ഇതിനി എപ്പോഴും എപ്പോഴും പറയില്ല..അതോണ്ട്‌ ഓര്‍ത്തുവച്ചോണം..)കൂട്ടത്തില്‍ ഒരുത്തന്‍ ഞങ്ങളെ കൊണ്ട്‌ അത്‌ ശരിയാക്കാന്‍ പറ്റിയില്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മാനഹാനിയെക്കുറിച്ചും പുറത്തെ തണുപ്പിനെക്കുറിച്ചും കൊതുകുകടിയെക്കുറിചും സൂചിപ്പിച്ചു...
അവനെ കരിങ്കാലി എന്നു വിളിക്കുന്നതിനോടൊപ്പം ഇങ്ങനെയുള്ള വ്യക്തികള്‍ നമ്മുടെ നാടിന്റെ പുരോഗതിയെ എങ്ങനെ മന്ദീഭവിപ്പിക്കുന്നു എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ധീരരും സര്‍വ്വോപരി സല്‍ഗുണസമ്പന്നരുമായ ഞങ്ങള്‍ ബാക്കി 4 പേര്‍ മറന്നില്ല..may i help you എന്ന ചോദ്യത്തിന്റെ മറുപടിക്കു പോലും കാത്തുനില്‍ക്കാതെ ഒരുത്തന്‍ കേറി scootyപ്പുറത്ത്‌ ചവിട്ടു തുടങ്ങി..വീണ്ടും തഥൈവ...4 stroke തിയറിയും 2 stroke തിയറിയും അല്‍പം ഉറക്കെതന്നെ ഞങ്ങള്‍ ഡിസ്കസ്‌ ചെയ്യുകയും ഇഗ്നീഷന്‍ പമ്പില്‍ പൊടി കയറാനുള്ള സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുകയും തുടങ്ങി..സാങ്കേതികത്തില്‍ വല്യ അവഗാഹമില്ലാത്തതിനാല്‍ ഞാന്‍ അറിയാവുന്ന ആംഗലേയത്തില്‍ ചിങ്കിയോട്‌ സംസാരിച്ചു കൊണ്ടിരുന്നു..അവള്‍ക്ക്‌ കോറമങ്കല എന്ന സ്ഥലത്തു പോവേണ്ടതുണ്ടെന്നും അവിടെ അവളെ കാത്ത്‌ അവളുടെ boyfriend നില്‍പ്പുണ്ടെന്നും ഞാന്‍ മനസ്സിലാക്കി...എന്തിനാണ്‌ ഈ രാത്രിയില്‍ പോകുന്നതെന്ന എന്റെ നിഷ്കളങ്കമായ ചോദ്യത്തെ അവള്‍ തുറിച്ചു നോക്കി പേടിപ്പിച്ചു...ആങ്ന്‍ഘ്‌...ഞാന്‍ പാവം..ഒരു സഹോദരിയോടെന്ന പോലെ കാണരുതായിരുന്നു...അപ്പോഴെക്കും എന്റെ കൂട്ടുകാര്‍ വിയര്‍ത്തു തുടങ്ങിയിരുന്നു..ആ കൊടും തണുപ്പിലും...ജീവിതത്തില്‍ ഇന്നേ വരെ കാണിക്കാത്ത ആത്മാര്‍ഥതയോടെ അവര്‍ ആ കൊച്ചു വാഹനത്തെ ചവിട്ടിയും ഞെക്കിയും വേദനിപ്പിച്ചു കൊണ്ടിരുന്നു..ക്രൂരന്മാര്‍...എല്ലാറ്റിനും ഒടുവില്‍ ആര്‍ക്കിമിഡീസിനെ അനുസ്മരിപ്പിച്ചു കൊണ്ട്‌ എന്റെ ഒരു സുഹൃത്ത്‌ കണ്ടെത്തി...ഇന്ധനം ഇല്ലാത്തതാണു കുഴപ്പം എന്ന്‌..അരമണിക്കൂര്‍ നേരം കൊണ്ടു കണ്ടുപിടിച്ച സംഭവം...കൊള്ളാം..അപ്പോ അതാണു കാര്യം..അതിനും സൊല്യുഷന്‍ നമ്മുടെ കയ്യില്‍ റെഡി...കൂട്ടത്തിലൊരുത്തന്‌ പള്‍സര്‍ ഉണ്ട്‌..മുകളില്‍ സുഖമായി കിടന്നുരങ്ങുന്ന ദേശദ്രോഹിക്ക്‌...എല്ലാ ദിവസവും കഴുകി വൃത്തിയായി സൂക്ഷിക്കുന്ന പുതുപുത്തന്‍ സുന്ദരന്‍ പള്‍സര്‍...അല്ല,ഈ പള്‍സര്‍ ഒക്കെ ഒരാവശ്യത്തിനുള്ള സാധനമല്ലേ...അല്ല പിന്നെ..എല്ലാവരും എന്നെ അനുകൂലിച്ചു..ഇതിനിടയില്‍ തന്നെ കൂട്ടത്തിലെ ലീഡര്‍ എന്നൊരു ബഹുമാനവും സ്നേഹവും അവള്‍ക്ക്‌ എന്നൊടു തൊന്നിയിരിക്കണം..ഇല്ലേ..ഉണ്ടാവും...ഉണ്ടായാ മതിയാരുന്നു...പക്ഷെ ആ സാധനത്തില്‍ നിന്നുമെങ്ങനെ ഇന്ധനം വലിക്കും..ആര്‍ക്കും നിശ്ചയം പോരാ...അവിടെയും ഞാന്‍ രക്ഷകനായി...നേരെ കണ്ട ഒരു പൈപ്പ്‌ വലിച്ചൂരിയിട്ട്‌ വാ കൊണ്ട്‌ വലിച്ചെടുത്താല്‍ മതി..ഞാന്‍ ഉപദേശിച്ചു..
എങ്കില്‍ പിന്നെ നീ തന്നെ ചെയ്യ്‌ എന്ന എന്റെ കൂട്ടുകാരന്റെ ആജ്ഞ അവന്‍ എന്തു കൊണ്ട്‌ ഒരു മഹാസംഭവമാണെന്നും അവനില്ലെങ്കില്‍ വല്ല കാര്യവും നടക്കുമോ എന്ന ഡയലോഗുകളാലും ഞാന്‍ അവന്റെ തലയില്‍ തന്നെ ചാര്‍ത്തി കൊടുത്തു...സുഗ്രീവോപദേശം ലഭിച്ച ഹനുമാനെന്ന പോല്‍ പുള്ളി വലി തുടങ്ങി..ഒരു ആസ്ത്‌മാ രോഗി വലിക്കുന്നതിലും ആത്മാര്‍ഥതയോടെ....വലിച്ചിട്ടും വലിച്ചിട്ടും ഒന്നും കാണാതായപ്പോള്‍ എനിക്കും സംശയം..ഇനി ആ കുഴല്‍ തന്നെയാണോ ഊരേണ്ടിയിരുന്നത്‌...കാരണം ഞാന്‍ ഇതു വരെ petrol ഊറ്റിയിട്ടില്ല..എന്തിന്‌ വണ്ടി ഓടിക്കാന്‍ പോലും എനിക്കറിയില്ല..പിന്നെ അവിടെ നടന്നത്‌ ഒരു യുദ്ധമായിരുന്നു..കണ്ണീല്‍ കണ്ട അഞ്ചാറ്‌ കുഴലുകള്‍ പുറത്താക്കപ്പെട്ടു..എല്ലാത്തിലും മാറി മാറി വലി തുടങ്ങി..ഇതിനോടകം അവിടെ എന്താണ്‌ സംഭവിക്കുന്നതെന്നതിന്റെ ഒരേകദേശ രൂപം ചിങ്കിക്കു മനസ്സിലായി തുടങ്ങി...അവള്‍ ആരെയോ phone ചെയ്യാന്‍ തുടങ്ങി...its ok..i will find some alternative..എന്ന് വരെ അവള്‍ പറഞ്ഞു..മുന്‍പു സൂചിപ്പിച്ച സഹായമനസ്കത മൂലം ആ കുട്ടിയുടെ സ്ഥലത്തേക്ക്‌ വണ്ടി നേരാംവണ്ണം ഓടിക്കാന്‍ അറിയാത്ത ഞാന്‍ സ്വന്തം ജീവന്‍ പോലും റിസ്ക്‌ എടുത്ത്‌ കൊണ്ടാക്കാം എന്നു പറഞ്ഞു...വെറും ഒരു no thanks ഇല്‍ അവള്‍ അതും നിഷേധിച്ചു...സഹമുറിയന്മാര്‍ക്കു മടുത്തു തുടങ്ങിയിരുന്നു..അസഹ്യമായ കൊതുകുകടി bonus ആയി കിട്ടുന്നുണ്ടായിരുന്നല്ലോ...അപ്പോള്‍ മുന്‍പു സൂചിപ്പിച്ച boyfriend ആണെന്നു തോന്നുന്നു,ഒറ്റച്ചെവിയില്‍ കാതുകുത്തിയ ഒരു ആജാനബാഹു karizmaയില്‍ പറന്നു വരികയും രാവണന്‍ പുഷ്പകവിമാനത്തില്‍ സീതയെയെന്ന പോല്‍,ആ ചിങ്കിയെ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു..അവള്‍ പറഞ്ഞ thanksഇല്‍ കോള്‍മയിര്‍ കൊണ്ടുനിന്ന എന്നോട്‌ എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്തൊക്കെയോ ശാപവാക്കുകള്‍ മൊഴിയുകയും വലിച്ചിട്ട കുഴലുകള്‍ യഥാസ്ഥാനത്ത്‌ ഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു...ആദ്യത്തേത്‌ ശീലം മൂലം എനിക്കു പുത്തരിയായിരുന്നെങ്കിലും രണ്ടാമത്തേത്‌ തികച്ചും പുതുമയുള്ള സംഭവം ആയിരുന്നു...നാലെണ്ണം എവിടെയോ കുത്തിക്കേറ്റി ഇനിയുള്ള രണ്ടെണ്ണം ആവശ്യമില്ലാത്തതാണെന്ന എന്റെ പുതിയ കണ്ടുപിടുത്തം അംഗീകരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല...
പക്ഷെ അവര്‍ക്കും അറിയില്ലായിരുന്നു എന്താണ്‌ ചെയ്യേണ്ടതെന്ന്‌....കുനിച്ചു നിര്‍ത്തി നാലഞ്ചു പ്രഹരം തന്നതിനു ശേഷം സന്തോഷപരമായ ഒരു ദിവസത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി പ്രാകിക്കൊണ്ട്‌ അവര്‍ മുറിക്കകത്തേക്ക്‌ കയറി...ഒരാളെ അല്‍പമെങ്കിലും സഹായിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ഥ്യവുമായി ഞാന്‍ പിറകെയും...അതിനു ശേഷം എന്താണെന്നറിയില്ല,ഞാന്‍ innovative എന്നു കരുതുന്ന പല ഐഡിയകളെയും അവര്‍ കേള്‍ക്കുക പൊലും ചെയ്യാതെ നിഷ്കരുണം തിരസ്കരിക്കാറാണു പതിവ്‌..
വാല്‍ക്കഷ്ണം*********മേല്‍പ്പറഞ്ഞ പള്‍സര്‍ ഒരു കുഴപ്പവും കൂടാതെ ആ രണ്ടു കുഴലുകളുടെ അഭാവത്തിലും ഇന്നും ഓടിക്കൊണ്ടിരിക്കുന്നു..ബാംഗ്ലൂര്‍ തെരുവുകളിലൂടെ..ഇനിയെങ്കിലും എന്റെ ഐഡിയാസ്‌ ശരിയാണെന്നു സമ്മതിച്ചു കൂടേ......